Thursday, March 10, 2011

അത്തറ്‌ മണക്കുന്ന കത്ത് ..............



2008 ഏപ്രില്‍ പതിനെട്ട് അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..... ഓഫീസില്‍ ഓവര്‍ ടൈം ഉള്ളത് കൊണ്ട് ജോലിക്ക് പോയതാണ് അതിനിടയിലുള്ള ടീ ബ്രേക്കില്‍
അടുത്തുള്ള ഉമൈര്‍ റെസ്റ്റോറന്റില്‍ വെച്ച് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടിവിയില്‍ കാസര്‍ഗോഡ്‌ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്തിന്‍റെ പേരില്‍ നടക്കുന്ന സംഘര്‍ഷവും അതിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലിനെ കുറിച്ചും ന്യൂസില്‍ പറയുന്നത് കേട്ടത് ...... കൂടെ ജോലി ചെയ്യുന്ന അന്യ ജില്ലയിലുള്ളവര്‍ എന്നോട് വിവരങ്ങള്‍ ചോദിച്ചു നിങ്ങളുടെ സ്ഥലത്ത്‌ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്? ഇല്ലാ ... എന്നാല്‍ പെങ്ങളുടെ വീട് ഉണ്ട് അത് പ്രശ്നം നടക്കുന്ന സ്ഥലത്തിന് കുറച്ച് ദൂരെയാണ് ഞാന്‍ മറുപടി നല്‍കി ......

അങ്ങിനെ പത്ത് മണിക്ക് ശേഷം ജോലിയും കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും ഉറങ്ങണം എന്ന ഉദ്ദേശത്തോടെ റൂമിലേക്ക്‌ പെട്ടെന്ന് പോയി ..... റൂമിലേക്ക്‌ കയറുന്നതിന് മുമ്പായി മൊബൈല്‍ ശബ്ദിച്ചു .... അബുദാബിയിലെ മൂത്ത സഹോദരിയുടെ ഭര്‍ത്താവാണ് വിളിക്കുന്നത് ....... എന്താ എളയാ ഞാന്‍ ചോദിച്ചു ? നമ്മുടെ സി. എ.. പോ..യി...പ്പോ..യി (രണ്ടാമത്തെ പെങ്ങളുടെ ഭര്‍ത്താവിനെ നമ്മുടെ വീട്ടില്‍ സി എ എന്നാണ് വിളിക്കാറ് ) എളയായുടെ സ്വരത്തിലെ വിറയല്‍ ഞാനറിഞ്ഞു .... എന്താണ്?ഹാര്‍ട്ട് അറ്റാക്ക്‌ ആണോ ?
ഷുഗറിന്‍റെ അസുഖമല്ലാതെ വേറെയൊന്നും ഉള്ളതായി എനിക്കറിയില്ലായിരുന്നു അതാണ് ഞാന്‍ അങ്ങിനെ ചോദിച്ചത് .... അല്ലാ കുത്തികൊന്നതാണ്‌ ...പള്ളിയിലേക്ക് പോവുമ്പോഴാണ് സംഭവം  എളയ മറുപടി നല്‍കി ..... എന്‍റെ ശരീരത്തിലാകമാനം ഒരു വിറയല്‍ അനുഭവപ്പെട്ടു .... നീ ശഹബാനലിയോടു വിവരം  പറയണം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു ....ശഹബാനലി എന്‍റെ മരുമകനാണ് അവന്‍റെ ഉപ്പയാണ് കൊല്ലപ്പെട്ടത് മൂത്ത മകനാണ്  ...അവനും കറാമയില്‍ കുടുംബസമേതം താമസിക്കുകയാണ്  ....എങ്ങിനെയാണ് ഞാന്‍ ഈ വിവരം അവനോട് പറയുക ...... കാര്‍ണവരും മരുമകനും തമ്മിലുള്ള ബന്ധത്തിലുപരി സുഹൃത്തുക്കളെ പോലെയാണ് ഞങ്ങള്‍ ...അവനിക്കത് താങ്ങാന്‍ പറ്റുമോ ??? എന്‍റെ കൂടെ താമസിക്കുന്ന മൂത്തപെങ്ങളിലുള്ള  മരുമകന്‍ റിയാസിനെയും കൂട്ടി ഞാന്‍ അവന്‍റെ ഫ്ലാറ്റില്‍ എത്തുമ്പോഴേക്കും അവന്‍ എവിടുന്നോ വിവരങ്ങള്‍ അറിഞ്ഞിരുന്നു ..... എനിക്ക് തന്നെ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല പിന്നെ എങ്ങിനെയാണ്‌ ഇവനെയും ഭാര്യയെയും സമാധാനിപ്പിക്കുക.... എന്തായാലും പക്വതയോടെ അവന്‍  കാര്യങ്ങള്‍ ചെയ്തു ....നാട്ടിലേക്ക് വിളിച്ചു അവന്‍റെ  ഉമ്മാനെ സമാധാനിപ്പിച്ചു  ......
പിന്നീട് നാട്ടില്‍ നിന്ന് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിച്ചു ജുമുഅക്ക് പള്ളിയിലേക്ക് പോവുന്നതിനിടയിലാണ് അക്രമികള്‍  പതിയിരുന്നു  കുത്തിയതെന്നും സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു എന്നും  ..... തലേന്ന് അവരുടെ ഒരാളെ കൊന്നതിനു പകരമായിട്ടാണ് ഇത് ചെയ്തതെന്നും ...
എന്തായാലും ചെന്നായ്കള്‍ക്ക് അവരുടെ ദാഹം തീര്‍ന്നു ....പകരത്തിനു പകരം ആയല്ലോ ??? മാത്രമല്ല താടിയുള്ള ,തൊപ്പിയുള്ള ഒരു മാപ്പിളയെ തന്നെ കൊന്നതില്‍ ഇവരെ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച നേതാക്കന്മാര്‍ക്കും സമാധാനമായി ...
                              എന്നാല്‍ ഇവര്‍ കൊന്നത് ആരെയാണ്?? ഒരു ഉറുമ്പിനെപോലും നോവിക്കാത്ത എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന,പുഞ്ചിരിയോടെ എല്ലാവരോടും സംസാരിക്കുന്ന എന്‍റെ എളയായെ ആണ് .... ബിലാല്‍ മസ്ജിദിന്‍റെ നിര്‍മാണത്തിനും,അതിനോടനുബന്ധിച്ചുള്ള ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനു വേണ്ടിയുള്ള സ്ഥാപനത്തിനും വേണ്ടി മുന്‍കൈയെടുത്തത് എളയായും ചേര്‍ന്നാണ്.. ഈ ലോകത്ത് നിന്ന് എളയാനെ അവര്‍ക്ക് ഇല്ലാതാക്കാന്‍
സാധിച്ചുവെങ്കിലും പരലോകത്തേക്കുള്ള സമ്പാദ്യമായി ഈ സ്ഥാപനത്തില്‍ നിന്നും ഒരു മകനെ ഹാഫിള് ആക്കാന്‍ സാധിച്ചിരുന്നു .... സഹോദരിയുടെ ഭര്‍ത്താവെന്നതിനെക്കാള്‍

ഒരു പിതാവിന്‍റെ സ്നേഹമാണ് എനിക്ക് എളയായില്‍ നിന്നും കിട്ടിയിരുന്നത്.... എനിക്ക് ചികില്‍സക്കായി മംഗലാപുരം ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ടി വന്നപ്പോഴും പരിചരിക്കാന്‍ ഉണ്ടായതു ഈ എളയ തന്നെയായിരുന്നു ...അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്ന് ഞാന്‍  ഉണരുംവരെ ബെഡിനരികില്‍ ദിക്റുകളും,മറ്റുമായി കൂടെ തന്നെയുണ്ടാവും ..... അങ്ങിനെയുള്ളോരു ആത്മബന്ധവും ഈ എളയാനോട് എനിക്കുണ്ടായിരുന്നു ....


ഈ കുറിപ്പ് എഴുതാന്‍ കാരണം തന്നെ ഇന്നും ഞാന്‍ നിധി പോലെ സൂക്ഷിക്കുന്ന എന്‍റെ എളയ എഴുതിയ അത്തറിന്‍റെ മണമുള്ള ഒരു കത്തുണ്ട് .... ഗള്‍ഫില്‍ വന്നതിനു

ശേഷം ഞാന്‍ ഒരു അത്തര്‍ അയച്ചിരുന്നു .. അത്തര്‍ വളരെ ഇഷ്ടമാണ് എളയാക്ക് ... എന്നാല്‍ ഞാന്‍ ഫോണ്‍ വിളിക്കുന്ന സമയത്ത് പറഞ്ഞാല്‍ മതി നീ കൊടുത്തയച്ച അത്തര്‍

കിട്ടി എന്ന് ... എന്നാല്‍ എളയ ചെയ്തത് അത്തര്‍ ലഭിച്ച വിവരം വെച്ച് എനിക്ക് കത്തെഴുതുകയാണ് ഉണ്ടായത് ... അതൊരു നിമിത്തമായി ഞാന്‍ കാണുന്നു ...ഇല്ലെങ്കില്‍ ഒമ്പത് വര്‍ഷത്തോളം ആ കത്ത് ഞാന്‍ സൂക്ഷിച്ചുവെക്കില്ലായിരുന്നു ...അതിലുള്ള വരികളിലുണ്ട് എളയായുടെ വാത്സല്യം .....ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ പലര്‍ക്കും അയച്ചിരുന്നു

എന്തൊക്കെയോ സാധനങ്ങള്‍ അങ്ങോട്ട്‌ ചോദിച്ചാല്‍ മാത്രം പറയും കിട്ടി എന്ന് ... എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായിരുന്നു എളയ.... ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല...ആ എളയായെ ...

                                  കരകൌശലത്തിലും,ഫോണ്‍ കാര്‍ഡ്‌ ശേഖരണം,സ്റ്റാമ്പ് ശേഖരണം എന്നിവയില്‍ അതീവ താല്‍പ്പരനായിരുന്നു  ..... മിക്ക
പ്രദര്‍ശനങ്ങളിലും എളയ പങ്കെടുത്തിരുന്നു ..... ഞാനും  അപൂര്‍വ്വമായ സ്റ്റാമ്പുകള്‍ അയച്ചു കൊടുക്കാറുണ്ടായിരുന്നു ..... ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ തികട്ടിവരും ....
ഞങ്ങളുടെ ഏതു പരിപാടിയിലും മുന്‍പന്തിയില്‍ ഉണ്ടാവും എളയ .....ചില സമയത്ത്  കാലിനു നീര് വന്ന് നടക്കാന്‍ പറ്റുന്നില്ലെങ്കിലും ആര് വന്ന് വിളിച്ചാലും പോവും സഹായത്തിന് .........പരോപകാരിയായിരുന്നു എളയ എല്ലാവര്‍ക്കും .... കുടുംബബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അയല്‍വാസികളോട്

ജാതിഭേദമില്ലാതെ എന്നും സ്നേഹം പുലര്‍ത്തിയിരുന്നു ....അതാണ്‌ കൊല്ലപ്പെട്ട ദിവസം മുമ്പിലുള്ള അമ്മ വീട്ടുകാര്‍ വേദനയോടെ ചോദിച്ചത്  "ഏത് ആഘോഷത്തിനും

എല്ലാവരെയും ക്ഷണിക്കുന്ന ഇവരെ തന്നെ വേണമായിരുന്നോ ഇവര്‍ക്ക് കൊല്ലാന്‍"

  

ജുമുഅഃ ദിവസം വീട്ടില്‍ നിന്നും വുളു ചെയ്തു നേരത്തെയിറങ്ങാറായിരുന്നു

എളയായുടെ പതിവ് ..അതാണ്‌ കൊലയാളികള്‍ക്ക്‌ ഇരയായി കിട്ടാനുള്ള കാരണം ..... എന്നാലും ഒരു കാര്യത്തില്‍ എളയ രക്ഷപ്പെട്ടു ... വുളുയോടു കൂടി ജുമുഅഃ ദിവസം

തന്നെ മരിക്കാന്‍ സാധിച്ചല്ലോ അത് തന്നെ ഒരു ഭാഗ്യമാണ് ... നബി(സ്വ) പറഞ്ഞു: "വെളളിയാഴ്ചയിലോ അല്ലെങ്കില്‍വെളളിയാഴ്ച രാവിലെയോ ഏതൊരു മുസ്ലിമും

മരിക്കുന്നുണ്ടോ അല്ലാഹു അവനെ ക്വബര്‍ ശിക്ഷയില്‍നിന്ന് രക്ഷിക്കാതിരിക്കുകയില്ല (തിര്‍മുദി)
കൊലപാതകം നടന്ന് മൂന്ന് വര്‍ഷം തികയാന്‍ പോവുകയാണ് ..... നേതാക്കന്മാരോക്കെ ചാനലുകാരുടെ മുമ്പില്‍

വെച്ച് ആടിത്തിമിര്‍ക്കുകയായിരുന്നു ..... കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നടപ്പാക്കും എന്നൊക്കെ .... എന്നാലിപ്പോഴെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പിന്നെയും  ഈ

ക്രിമിനലുകള്‍ താണ്ഡവമാടുകയാണ് കാസര്‍ഗോഡ്‌ ..... ചോരക്കൊതി തീരാതെ ... ഇവര്‍ക്ക് എല്ലാ സൌകര്യവും ചെയ്തു കൊടുക്കുന്നതിനു ഒരു മാഫിയ തന്നെ

പ്രവര്‍ത്തിക്കുന്നുണ്ട് ..... അവരെയൊന്നും പോലീസിന് തൊടാന്‍ പറ്റുന്നില്ല ..അതാണ് എളയ കൊല്ലപ്പെട്ടതിന് ശേഷം ഈ പ്രതികള്‍ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി

വിഹരിക്കാന്‍ കാരണം .... എന്‍റെ ചെറുപ്പത്തില്‍ പെങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ പോയാല്‍ സുബഹിക്ക് പള്ളിയില്‍ പോവുമ്പോള്‍ നായ്ക്കളെയായിരുന്നു പേടി .....ഈ സംഭവത്തിന്‌ ശേഷം ഇപ്പോള്‍ പകല്‍ തന്നെ ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് പേടിയാണ് ഈ കാട്ടുചെന്നായ്ക്കളെ.....

ഒരാളും മറ്റൊരാള്‍ക്ക് പകരമാവില്ല എന്ന് പറയുന്നതത്ര ശെരിയെന്നു എന്‍റെ
എളയായുടെ വേര്‍പാടിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു ... ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല മരണപ്പെട്ടു എന്ന് ... ആ പുഞ്ചിരിക്കുന്ന മുഖമാണ് എപ്പോഴും ഓര്‍മ്മ വരുന്നത് ....


എളയായുടെ വേഷം കണ്ട് പലരും ചോദിക്കാറുണ്ടായിരുന്നു തബ്.ലീഗ് ആശയക്കരനാണോ എന്ന് ? എന്നാല്‍ ഒരു സുന്നി ആശയക്കാരനായിരുന്നു എളയ ... അദ്ദേഹത്തിന്‍റെ

കബറിനെ അള്ളാഹു സ്വര്‍ഗത്തോപ്പാക്കി മാറ്റട്ടെ ..ആമീന്‍ ...... പ്രതികള്‍ക്ക് അള്ളാഹു  അര്‍ഹമായ ശിക്ഷ നല്‍കട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ എന്‍റെ ഈ ഓര്‍മ്മ കുറിപ്പ്‌. 

2 comments:

  1. ജനിച്ചവര്‍ക്ക് മരണം ഫറളാണ്.എന്നിരുന്നാലും ചില കാരണം എന്ന് മാത്രം.(എതില്ലാതെ മൌതില്ലാ)
    എളയയ്ക്ക് അള്ളാഹു ഷഹീദിന്‍റെ കൂലി നല്‍കുമാരാകട്ടെ,,,,,ആമീന്‍

    ReplyDelete