Monday, June 27, 2011

സൌജത്ത്

ഏതൊരു പുരുഷന്‍റെയും,സ്ത്രീയുടെയും ആഗ്രഹമാണ് അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കണം എന്നുള്ളത് .... പലര്‍ക്കും അത്തരത്തില്‍ ലഭിക്കുന്നില്ല എന്നത് ഒരുപരമാര്‍ത്ഥമാണ്...  വിവാഹത്തിനു ശേഷം തകരുന്ന എത്രയോ ബന്ധങ്ങള്‍ ഉണ്ട് ... മക്കളുടെ ഭാവിയോര്‍ത്ത്  അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന ദമ്പതികള്‍ ഉണ്ട് ...... എന്നാല്‍

ഇപ്പോള്‍  അധികവും ബോറ ( ബോരികള്‍ ) എന്ന സമുദായത്തിലെ ആള്‍ക്കാര്‍ കല്യാണം കഴിക്കുന്ന രീതിയിലേക്ക് മാറിയിരിക്കയാണ് പ്രവാസികളുടെ കല്യാണങ്ങള്‍ ......ആ സമുദായക്കാര്‍ ഒരു വര്‍ഷം അടുത്തിടപഴുകിയതിനു ശേഷമാണ്  കല്യാണം കഴിക്കുക ..... എന്നാല്‍ ഇപ്പോഴത്തെ  പ്രവാസി ഒരു വര്‍ഷത്തോളം  ഫോണിലൂടെ ബന്ധപ്പെട്ടാണ് കല്യാണം എന്ന വ്യത്യാസം മാത്രമേയുള്ളൂ ...ബോരികള്‍ ഈ കാലയളവില്‍ പരസ്പരം മനസ്സിലാക്കിയതില്‍ നിന്നും  അവര്‍ക്ക് ബന്ധം തുടരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കല്യാണം കഴിക്കാതെ പിരിയാറാണ്‌ പതിവ് .... എന്നാല്‍ ഈ ഫോണ്‍ പ്രണയമോ ,പറഞ്ഞുറപ്പിക്കലോ വ്യാപകമായി ഇല്ലാത്ത ഒരു സമയത്താണ് എന്‍റെ വിവാഹം നടക്കുന്നത് .
                                                                               ബദൃച്ചാ എഴുതിയ പോലെ നാലാംമാസത്തില്‍ എഴുതപ്പെട്ടതായിരിക്കും
നമ്മുടെ ഇണ ആരായിരിക്കുമെന്ന് ഞാനും കേട്ടിരുന്നു .... എന്നാല്‍ പരിശ്രമിക്കാതെ കിട്ടില്ലല്ലോ ഇണ ആയാലും പണമായാലും ...... അത് കൊണ്ട് ഞാന്‍ എന്‍റെ മൂത്ത പെങ്ങളെ
വിളിച്ചു നല്ല ഒരു പെണ്ണിനെ നോക്കി വെക്കാന്‍ ഏല്‍പ്പിച്ചിരുന്നു ...... ഏറ്റവും ഇളയവന്‍ ഞാന്‍ ആയതിനാല്‍ എന്‍റെ മൂത്ത പെങ്ങളും എനിക്ക് ഉമ്മയെ പോലെയായിരുന്നു ....

നാട്ടിലേക്കു ബന്ധപ്പെടുമ്പോള്‍ പെങ്ങള്‍ ഓരോ ആലോചനകള്‍ എന്നോട് പറയുമായിരുന്നു .... അങ്ങിനെ ഞാന്‍ നാട്ടില്‍  പോവാന്‍ വേണ്ടി ഒരുങ്ങിയ സമയത്താണ്  പള്ളിക്കരയുള്ള  എന്‍റെ മൂത്തമ്മയുടെ മകന്‍റെ ഭാര്യ ഒരു പെണ്‍കുട്ടിയുടെ കാര്യം പെങ്ങളോടു പറഞ്ഞത് മിസിരിയ എന്നായിരുന്നു കുട്ടിയുടെ പേര്  ..... ശരി ഏതായാലും  അവന്‍ വരുന്നുണ്ട് .. വന്നിട്ട് നോക്കാം എന്ന് പെങ്ങള്‍ മറുപടി കൊടുത്തു .....കല്ലിങ്കാലുള്ള എന്‍റെ ജ്യേഷ്ഠന്‍റെ അമ്മോച്ചനും പറഞ്ഞു ഒരു പെണ്‍കുട്ടിയെ കുറിച്ച് അദ്ദേഹത്തോടും വന്നിട്ട് നോക്കാം എന്ന് പറഞ്ഞു ..... അങ്ങിനെ ഞാന്‍ നാട്ടിലേക്ക് മുംബൈ  വഴി പുറപ്പെട്ടു ....മുംബൈയില്‍ നിന്നും കല്യാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാം എന്ന ഉദ്ദേശത്തിലാണ് യാത്ര മുംബൈ വഴിയാക്കിയത്  .....എന്‍റെ കൂടെ ഞങ്ങളുടെ നാട്ടുകാരനായ ഷാഫി എന്നൊരാളും ഉണ്ട് ...അങ്ങിനെ മുംബൈയില്‍ നിന്നും ട്രെയിന്‍ വഴിയാണ് ഞങ്ങള്‍ നാട്ടിലേക്ക്  പോവുന്നത് .... ട്രെയിനില്‍ വെച്ച് ഷാഫി എന്നയാളുടെ സുഹൃത്ത് പൂച്ചക്കാട് സ്വദേശിയായ  മാഹിന്‍ എന്നയാളെ പരിചയപ്പെട്ടു  അദ്ദേഹത്തോട് ഷാഫി ഇവനിക്ക് ഒരു പെണ്ണ് വേണമെന്ന് പറഞ്ഞപ്പോള്‍ എന്‍റെ കാര്‍ണവന്‍റെ മകളുണ്ട് വേണമെങ്കില്‍ ആലോചിക്കാം എന്ന് പറഞ്ഞു ...
                                                                    അന്നത്തെ ജോലിയില്‍                   എനിക്ക് ആറുമാസം ലീവ് ഉള്ളത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണങ്ങള്‍ തുടങ്ങിയത് .... ഞാനൊരു തീരുമാനം വീട്ടുകാരോട് പറഞ്ഞിരുന്നു ..നാടുതോറും പെണ്ണ് നോക്കാന്‍ ഞാന്‍ വരില്ല സംസാരിച്ചു ഉറപ്പിച്ചതിന് ശേഷം മാത്രം പെണ്ണിനെ നോക്കാം ആദ്യം നോക്കിയ പെണ്ണിനേ ഞാന്‍ കെട്ടുമെന്നും .... അത് പ്രകാരം എന്‍റെ മൂത്തമ്മയുടെ മകന്‍റെ ഭാര്യ പറഞ്ഞ പെണ്‍കുട്ടിയെ നോക്കാന്‍ പോയി കണ്ടിഷ്ടപ്പെട്ടപ്പെട്ട പ്രകാരം കല്യാണത്തിന് സമ്മതം മൂളി ...... അവര്‍ക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു മൂത്ത ആങ്ങള വരാനുണ്ട് അവന്‍ വന്നാലേ കല്യാണം ഉണ്ടാവൂ എന്ന് ..... സാരമില്ല കാത്ത് നില്‍ക്കാം എന്ന് പറഞ്ഞു ..എന്നാല്‍ പിന്നീട് അവര്‍ അറിയിച്ചു ആങ്ങളക്ക് ലീവ് കിട്ടുന്നില്ല ഇപ്പോള്‍ നടക്കില്ല എന്ന് ...... പിന്നീടാണ്‌ അറിഞ്ഞത് ഒരു കല്യാണ പാരയില്‍ തെറിച്ച് പോയതാണ് ആ ആലോചന എന്ന് ....
                                       പിന്നീട് ഒരു ഓട്ടപ്രദക്ഷിണതന്നെയായിരുന്നു പെണ്ണിനെയും തേടി ...പണ്ടൊരു ചായപ്പൊടിയുടെ പരസ്യം ഉണ്ടായിരുന്നു ഈ ചായക്ക് നിറമില്ല ,ഈ ചായക്ക് മണമില്ല ,ഈ ചായക്ക്‌ കടുപ്പമില്ല എന്ന്....... ഈ മൂന്ന് ഗുണവും ഉള്ള പെണ്‍കുട്ടിയെ ആദ്യം കണ്ടത് കൊണ്ടായിരിക്കും പിന്നെ കാണുന്നതൊന്നും നിനക്ക് ഇഷ്ട്ടപെടാത്തത് എന്ന് പെങ്ങളും കുറ്റപ്പെടുത്താന്‍ തുടങ്ങി .....മാസം രണ്ടര കഴിഞ്ഞു....... കല്ലിങ്കാലുള്ള എന്‍റെ ജ്യേഷ്ഠന്‍റെ അമ്മോച്ചനും,ട്രെയിനില്‍ വെച്ച് മാഹിന്‍ പറഞ്ഞ പെണ്‍കുട്ടിയും ഞാന്‍ ആദ്യം നോക്കിയ പെണ്‍കുട്ടിയും ഒന്ന്  തന്നെയായിരുന്നു ...... ഒരു ദിവസം പെണ്‍കുട്ടിയുടെ  വീട്ടില്‍ നിന്നും  വിളിച്ചു അറിയിച്ചു ആങ്ങള വരുന്നുണ്ട് കല്യാണത്തിനു സമ്മതമാണെന്ന് ..... അവര്‍ വിശദമായ ഒരു അന്വേഷണം നടത്തിയപ്പോള്‍ അവര്‍ക്ക്  മനസ്സിലായി   ഇന്ത്യന്‍ ഗോള്‍പോസ്റ്റ്‌ പോലെ തുറന്ന ഹൃദയമുള്ള ഇതുപോലെയുള്ള, ഇത്ര ഡീസന്റായ  ചെക്കന്‍ ആ നാട്ടിലോന്നുമില്ലാ എന്ന് ......
 
 അങ്ങിനെ കല്യാണം കഴിഞ്ഞു .... അതിനിടയില്‍ കല്യാണത്തിന്‍റെ നാലാമത്തെ  ദിവസം ഭാര്യയുടെ അനിയത്തി ഒരു ഗ്ലാസ്‌  നല്ല പോലെ ഉപ്പിട്ട സര്‍ബത്ത്‌ കൊണ്ടുവന്നു മുമ്പേ

തന്നെ ഭാര്യ വിവരം തന്നിരുന്നു എന്തോ ഒന്ന് അവര്‍ ഒപ്പിക്കുന്നുണ്ട് എന്ന് ... ഞാന്‍ ഗ്ലാസ്‌ വാങ്ങി അമ്മോച്ചന് കൊടുത്ത്  പറഞ്ഞു എനിക്ക് തണുപ്പ് പറ്റുന്നില്ല ചൂട്

എന്തെങ്കിലും മതി എന്ന്... പാവം ഒറ്റക്കുടി .... എന്‍റെ ചമ്മല്‍ കാണാന്‍  കാത്ത് നിന്നവര്‍ക്ക് നല്ലോണം കിട്ടി അമ്മോച്ചന്റെ പക്കല്‍ നിന്ന് ...... പിന്നീട് ഭാര്യ പറഞ്ഞു നിങ്ങളെ

രക്ഷിക്കാന്‍ കൂട്ട് നിന്നതിനു ഉപ്പാനെകൊണ്ട് തന്നെ കുടിപ്പിക്കണോ എന്ന് ???

                                                                    അങ്ങിനെ രണ്ടരമാസത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഞാന്‍ തിരിച്ചു വന്നു ...ഒമ്പത് മാസത്തിനു ശേഷം വേറൊരു ജോലി മാറുന്നതിന്‍റെ ഭാകമായി പതിനഞ്ചു ദിവസത്തെ ലീവിന് വീണ്ടും പോയി ...... പിന്നീട് ഞാന്‍ പുതിയ കമ്പനിയില്‍ വെച്ച്  സാമ്പത്തികമായി വഞ്ചിക്കപ്പെട്ടു .... അതിലുണ്ടായ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന്‍റെ ഭാകമായി എനിക്ക് മൂന്നു വര്‍ഷത്തോളം നാട്ടിലേക്ക് പോവാന്‍ സാധിച്ചില്ലാ .... അന്ന് എനിക്ക് താങ്ങായി നിന്നത് എന്‍റെ ഭാര്യയായിരുന്നു ... കുടുബക്കാരുടെയും,അയല്‍വാസികളുടെയും ചോദ്യങ്ങള്‍ പേടിച്ചു ഭാര്യക്ക്‌ വിശേഷചടങ്ങുകളില്‍ പോലും  പങ്കെടുക്കാന്‍ താല്‍പര്യമില്ലാതായി .... അവസാനം ഞാന്‍ ഭാര്യയെയും കുട്ടിയേയും വിസിറ്റിങ്ങില്‍ കൊണ്ട് വന്നു ..... ഇവിടെ എത്തിയ പിറ്റെദിവസം മകള്‍ ഫര്‍ഹയുടെ രണ്ടാം ജന്മദിനമായിരുന്നു !!! 
                                       ഈ വര്‍ഷങ്ങള്‍ മുഴുവനും എനിക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ,മറ്റുള്ളവരുടെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍  തളരാതെ പിടിച്ചു നിന്ന എന്‍റെ സ്നേഹനിധിയായ ഭാര്യക്ക് സമ്മാനമായി  ഒരിക്കല്‍ കൂടി ഏഴ് മാസം മുമ്പ് വിസിറ്റിങ്ങില്‍ കൊണ്ട് വന്നു  അന്ന് കൂട്ടായി മകന്‍ ഫഹീമും  ഉണ്ടായിരുന്നു. ഇന്നു ഞാന്‍ വളരെ സംതൃപ്തനാണ് എന്‍റെ പ്രാര്‍ത്ഥനകളുടെ ഫലമായി ഒരു സ്വലിഹത്തായ ഇണയെ തന്നെ  എനിക്ക് അള്ളാഹു നല്‍കിയതിന് ..നാളെ സ്വര്‍ഗത്തില്‍ വെച്ച് ഹൂറുന്‍ലീങ്ങളില്‍ പെട്ട സ്ത്രീകളെ കാണുമ്പോള്‍  എന്‍റെ ചിന്തകള്‍ ഇങ്ങിനെയായിരിക്കും ...... എന്‍റെ സുഖത്തിലും,ദുഃഖത്തിലും...... സന്തോഷത്തിലും,വിശമത്തിലും താങ്ങും,തണലുമായി നിന്ന എന്‍റെ പ്രിയതമയെ തന്നെ ഇവിടെ കൂട്ടിനായി കിട്ടിയിരുന്നുവെങ്കില്‍ ......... 








Friday, March 11, 2011

ക്യാ .....ഭായ്‌ ...???


                     ഗള്‍ഫിലേക്ക് വരുന്നതിനു മുമ്പ് കുറച്ചുകാലം ഓട്ടോറിക്ഷ ഓടിച്ചുരുന്നു അപ്പോള്‍ എനിക്ക് പറ്റിയ അമളി ഞാന്‍ ഇവിടെ കുറിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഒരു സ്കീം പ്രകാരം ഞാനൊരു ഔട്ടോ മുതലാളിയായി പണ്ട് 'മാരുതി റിക്ഷ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബജാജ് ഓട്ടോയാണ് വാങ്ങിയത്.


ആദ്യം അത് ഡ്രൈവറെ വെച്ച് ഓടിക്കുവാനാണ് തീരുമാനിച്ചത്,പിന്നീടാണ് അറിഞ്ഞത്
ഓട്ടോറിക്ഷ എന്നാല്‍ 'ഓടിക്കുന്നവന്‍റെ രക്ഷ ' എന്ന് അതിനാല്‍ മുതലാളി തന്നെ ഡ്രൈവറാവാന്‍ തീരുമാനിച്ചു.
അങ്ങിനെ കാഞ്ഞങ്ങാട്‌ പത്മപോളിക്ലിനിക്കിന്‍റെ ഔട്ടോ സ്റ്റാന്‍ഡില്‍ നിന്നും കന്നിയാത്രയാരംഭിച്ചു ആദ്യമൊന്നും ശരിയായ വാടകയോന്നും അറിയില്ലായിരുന്നു അതിനാല്‍ വരുമാനത്തിലും നല്ല വര്‍ധനയും ഉണ്ടായിരുന്നു.ചില വിരുതന്മാര്‍ പറ്റിച്ചിട്ടുമുണ്ട്.




അങ്ങിനെയൊരു ദിവസം ബേക്കലിലേക്ക് ഒരു ഓട്ടം കിട്ടി, ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥിക്കുന്നത് തിരിച്ചു വരുമ്പോള്‍ നല്ല ഒരു വാടക കിട്ടണമെന്നാണ് എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തിരിച്ചു വരുമ്പോള്‍ ഒരാളും കൈ കാണിക്കുന്നില്ല പൂച്ചക്കാടെത്തിയിട്ടും ഒരു പൂച്ച കുഞ്ഞു പോലുമില്ല......... പോവുമ്പമുണ്ടായിരുന്ന ആവേശം കുറഞ്ഞു വരികയാണ്....
അതാ....... മാണിക്കോത്ത്‌ ഹോസ്പിറ്റലിനു അടുത്തെത്തിയപ്പോള്‍ ഒരാള്‍ കൈ കാണിച്ചു.. "കാഞ്ഞങ്ങാട്ടെക്ക് പോവുന്നതാണോ?" എന്താ പറയണമെന്നറിയില്ല കയറ്റിയാല്‍ വേറെ ആരെയും കിട്ടിയില്ലെങ്കില്‍ ഇയാളെ ബസ്റ്റാന്‍റ് വരെ കൊണ്ട് വിടേണ്ടിവരും കയറ്റാതെയിരുന്നാല്‍ അപ്പുറത്ത് നിന്നും ആരെങ്കിലും കൈ കാണിച്ചാല്‍ വിഷമമാവുകയും ചെയ്യും....... എന്തായാലും രണ്ടും കല്പിച്ചു "അതെ" എന്ന് പറഞ്ഞു ആളെ കയറ്റി. കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഒരാളും കൂടി കൈ കാണിച്ചു അയാളെ കയറ്റിയപ്പോള്‍ എന്‍റെ ഒട്ടോയാകെ പരിമളം പരന്നു....... കയറിയത് 'ഗള്‍ഫ്‌കാരനാണ്' ഏതായാലും കോളടിച്ചു അഞ്ചു രൂപയോ മറ്റോ തന്നാല്‍ ബാക്കിക്കു നില്‍ക്കില്ല മനസ്സില്‍ കണക്കുകൂട്ടി......




അങ്ങിനെ മൂന്നാമാതോരാളും കൂടി കൈ നീട്ടിയപ്പോള്‍ മനസ്സ് നിറഞ്ഞു ഹോ.... കാലിയടിച്ചു വരാനായില്ല.... ആദ്യം കയറിയയാള്‍ സിറ്റി ഹോസ്പിറ്റലിന്‍റെ മുമ്പില്‍ ഇറങ്ങി മൂന്ന് രൂപ തന്നു,അടുത്തത് നമ്മുടെ ഗള്‍ഫുകാരനാണ് അയാള്‍ കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിന്‍റെയടുത്തു നിര്‍ത്താന്‍ പറഞ്ഞു,ഒരു ചിരിയങ്ങോട്ടു പാസാക്കി .....പോരുന്നത്ര പോരട്ടെ എന്നുവിചാരിച്ച് .....കീശയില്‍ നിന്നും രണ്ടു രൂപ ചില്ലറ എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി ......അത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് കെ.പി. ഉമ്മറിന്‍റെ കണ്ണുപോലെ പുറത്തേക്ക് തള്ളി....എന്താ ഇക്കാ......നിങ്ങള്‍ക്ക് അവിടന്ന് സ്പെഷ്യല്‍ വിളിച്ചു വരുന്നെങ്കില്‍ തന്നെ 12 രൂപയാകും ഒരു 3 രൂപയെങ്കിലും തന്നു കൂടെ "ഞാന്‍ ഇത്രയെ സാധാരണയായി കൊടുക്കാറുള്ളൂ" എന്നും പറഞ്ഞു അയാള്‍ നടന്നു നീങ്ങി...
ആ ഗള്‍ഫുകാരനിലുണ്ടായ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു പിന്നീടെനിക്ക് തോന്നി ആരെങ്കിലും കൊടുത്തയച്ച പെര്‍ഫ്യൂമും അടിച്ചു വിലസുന്ന പണിയൊന്നുമില്ലാത്തവാനോ മറ്റോ ആയിരിക്കുമെന്ന്.ഇവിടെ വന്നതിനു ശേഷമാണ് ഒരു രൂപയ്ക്കു വരെ എത്ര വിലയുണ്ടെന്നു മനസ്സിലായത്....



ശരി നമ്മുടെ യാത്ര തുടരാം....... ഇനി ഒരാള്‍ കൂടിയുണ്ട് ഇവനെ നല്ല സോപ്പിടണം എന്നിട്ട് രണ്ട് രൂപ തന്നവനെനെക്കുറിച്ചു കുറ്റം പറയാന്‍ തുടങ്ങി കോട്ടച്ചേരി മുതല്‍ ബസ്റ്റാന്‍റ് വരെ തുടര്‍ന്നു സൈട് മിററിലൂടെ നോക്കുമ്പോള്‍ മൂപ്പര്‍ തലയാട്ടുന്നുമുണ്ട്.....ഏതായാലും ഇവന്‍റെ കയ്യില്‍ നിന്നും മുഴുവന്‍ വാങ്ങിക്കാം എന്ന് കരുതി വണ്ടി ബസ്റ്റാന്റില്‍ നിര്‍ത്തിയപ്പോള്‍ അവനുമുണ്ട് രണ്ട് രൂപ തന്നെ തരുന്നു, കുറച്ചു ദേഷ്യത്തോടെ പറഞ്ഞു ഇതു വരെ മലയാളമല്ലേ പറഞ്ഞത്?.......
എന്നിട്ടും രണ്ട് രൂപയാണോ തരുന്നത്? എന്ന്. അപ്പോഴാണ് അവന്‍ തിരിച്ചു ചോദിക്കുന്നത് "ക്യാ ഭായ്" എന്ന്. ഇടിവെട്ടേറ്റവനെ പാമ്പ്‌ കടിച്ചത് പോലെയായി എന്‍റെ അവസ്ഥ.അത് രാജസ്ഥാനില്‍ നിന്നും മാര്‍ബിളിന്‍റെ ജോലിക്ക് വന്നവനായിരുന്നു.തിരിച്ചങ്ങോട്ട് ഒന്നുപറയാന്‍ പോലും അറിയാത്തത് കൊണ്ട് കിട്ടിയതും വാങ്ങി അവിടന്നു സ്ഥലം കാലിയാക്കി..........

ആത്മഹത്യ ........

രാവിലെ തന്നെ മൊബൈലിന്‍റെ നിര്‍ത്താതെയുള്ള റിംഗ് കേട്ടാണ് ഞെട്ടിയുണര്‍ന്നത് സ്ക്രീനില്‍ നോക്കിയപ്പോള്‍ നാസറിന്‍റെ പേര് ഇവനെന്താണ് രാവിലെതന്നെ വിളിക്കുന്നത്‌, എന്‍റെ ഡ്യൂട്ടി ടൈം അവനറിയുന്നതു കൊണ്ട് രാവിലെ വിളിക്കാറില്ലാത്തതാണ്.
"എന്താ നാസര്‍" ഉറക്കച്ചവടോടെ ചോദിച്ചു, "അബ്ദുള്‍ റഹ്മാനും ഭാര്യയും ആത്മഹത്യ ചെയ്തു" അവന്‍റെ മറുപടി കേട്ടു സര്‍വ്വ നാഡിയും തരിച്ചത് പോലെ തോന്നി, പുതപ്പ് വലിച്ചു മാറ്റി റൂമില്‍ നിന്നും പുറത്തേക്കു വന്നു.എന്താ സംഭവിച്ചത് ?"തൂങ്ങിമരിച്ചതാണ്" അങ്ങേത്തലയ്ക്കല്‍ നിന്ന് നാസറിന്‍റെ മറുപടി. ഇന്നലെ വരെ നമ്മള്‍ കണ്ടതല്ലേ അവനെ?എന്തിനാണവന്‍ ചെയ്തത്? അറിയില്ല, നാസറിന്‍റെ ഇടര്‍ച്ചയോടെയുള്ള മറുപടി.

ഓകെ ...ഞാനിതാ ഇപ്പോള്‍ വരാം, അഞ്ചു മിനിട്ട് കൊണ്ട് റെഡിയായി അബ്ദുള്‍ റഹിമാന്‍റെ ദേരയിലുള്ള ഫ്ലാറ്റ് ലക്ഷ്യമാക്കി ടാക്സിയില്‍ പുറപ്പെട്ടു,കാഷ് കൊടുത്തു ടാക്സിയില്‍  നിന്ന് ഇറങ്ങുമ്പോഴത്തേക്ക് നാസര്‍ അരികിലേക്ക് വന്നു.പോലീസ് വന്നിട്ടുണ്ട് ആരെയും അങ്ങോട്ട്‌ കടത്തി വിടുന്നില്ല.. ആംബുലന്‍സിന്‍റെയും,പോലീസിന്‍റെയും സൈറന്‍ ഉച്ചത്തില്‍ മുഴങ്ങുന്നു


അവന്‍റെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതെയുള്ളൂ,കല്യാണം കഴിഞ്ഞു ഒരു മാസത്തിനകം ഭാര്യയെയും കൊണ്ട് വന്നു.നല്ല ദീനിയായ കുട്ടിയെ വേണം എന്ന് പറഞ്ഞു പാവപ്പെട്ട കുടുംബത്തില്‍നിന്ന് കല്യാണം കഴിച്ചതാണ്.നല്ല സന്തോഷത്തില്‍ ആയിരുന്നു അവരുടെ ദാമ്പത്യജീവിതം,ഇന്നലെ കണ്ടപ്പോള്‍ വരെ അവരുടെ ഇടയില്‍ വല്ല പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല."ബോഡി ആംബുലന്‍സില്‍ കയറ്റുന്നുണ്ട്" നാസറിന്‍റെ സംസാരം കേട്ട് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.മക്തൂം ഹോസ്പിറ്റലിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോവുന്നത് നാസര്‍ പറഞ്ഞു.കൂടി നിന്ന ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ആംബുലന്‍സ് ചീറി പാഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും മക്തൂം ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി നീങ്ങി. രണ്ടു മണിയായി രാവിലെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെയാണ് ഓടിയത്,നാസറിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അടുത്തുള്ള കാഫ്ടീരിയയില്‍ നിന്ന് ഒരു ചായയും സാന്‍വിച്ചും കഴിച്ചു.
മൂന്നു മണിയായപ്പോള്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മയ്യിത്ത് എംബാം ചെയ്തു കൊണ്ട് വന്നു."മയ്യിത്ത്‌ കാണിക്കുന്നുണ്ട്"നാസര്‍ വന്നു പറഞ്ഞു.നാസറിന്‍റെ കയ്യും പിടിച്ചു പ്രിയപ്പെട്ട സുഹൃത്തിനെ അവസാന നോക്ക് കാണാന്‍ പോയി.ഒരു നോക്ക് നോക്കിയപ്പോള്‍ തന്നെ കണ്ണ് നീരിനാല്‍ കാഴ്ചകള്‍ മങ്ങിയിരുന്നു.
ഇനിയിപ്പോള്‍ നാളെയെ എമ്പസ്സിയില്‍ നിന്നുള്ള കടലാസുകള്‍ ശരിയാവൂ,അത് കഴിഞ്ഞാലെ നാട്ടിലേക്കു കൊണ്ട് പോവാന്‍ പറ്റൂ.നമ്മള്‍ എവിടെ നിന്നിട്ട് കാര്യമില്ല രണ്ടു പേരും റൂമിലേക്ക്‌ തിരിച്ചു വന്നു.അവനു സാമ്പത്തികമായി വല്ല ബുദ്ധിമുട്ട് ഉള്ളതായി നങ്ങള്‍ക്ക് അറിയില്ല അവന്‍റെ മൂന്നു സ്ഥാപനത്തിലും നല്ല ബിസിനസ്സാണ്.
ഒരു ഹോട്ടല്‍ തൊഴിലാളിയായി വന്നു ഈ സ്ഥാപനമൊക്കെ ഉണ്ടായതു അവന്‍റെ കഠിനപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ്.പിന്നെ എന്തിനാണവന്‍ ഈ കടുംകൈ ചെയ്തത്...

രണ്ട്‌ ദിവസത്തിന് ശേഷം രണ്ട് പേരുടെയും മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോയി.ഞാനും നാസറും അവരുടെ ബന്ധുക്കളുമായി സംസാരിച്ചിട്ടും മരണത്തിന്‍റെ യാതൊരു തുമ്പും കിട്ടിയില്ല,അവര്‍ വിജാരിച്ചത് ഞങ്ങള്‍ക്ക് വല്ലതും അറിയുമെന്നാണ്.
ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു.... മറവി മനുഷ്യനു ചില സഹാചര്യങ്ങളില്‍ അനുഗ്രഹമാകുന്നതെങ്ങിനെയെന്നു എന്‍റെ അനുഭവത്തിലൂടെ അറിയാന്‍ സാധിച്ചു.
പിന്നീടൊരു ദിവസം എന്‍റെ പോസ്റ്റ്‌ ബോക്സ്‌ തുറന്ന്‍ നോക്കിയപ്പോഴാണ് അതിലൊരു ലെറ്ററിന്‍റെ ഫ്രം അഡ്രസ്‌ കണ്ടു ഞെട്ടിയത് അബ്ദുല്‍ റഹ്മാന്‍റെ കത്തായിരുന്നു,എന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി കത്ത് പൊട്ടിച്ചു ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.......മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ്‌ എഴുതിയതെന്ന്‍ തോന്നി അക്ഷരങ്ങളില്‍ വിറയല്‍ കണ്ടു,കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലായി എന്തിനാണ് അവര്‍ ജീവനൊടുക്കതിയതെന്നു. ശരിയാണ് ഇത്തരത്തില്‍ പെട്ടാല്‍ ആരും ചെയ്തു പോവും......എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ഫ്ലാഷ്ബാക്ക്..............

                   *                                           *                                              *
 
കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് അടുക്കളയിലായിരുന്ന സുമയ്യ ഓടി വന്നു വാതില്‍ തുറന്നു, "സിഡി വേണോ താത്ത"ഒരു സുമുഗനായ ചെറുപ്പക്കാരന്‍ ലാപ്ടോപ് ബാഗുമായി നില്‍ക്കുന്നു കണ്ടാല്‍ ഒരു ബിസിനസ്സുകാരന്‍റെ ലുക്കുണ്ട് "ആരാ സുമയ്യ അത്"അബ്ദുല്‍ റഹ്മാന്‍റെ ശബ്ദം "അത് സിഡി വേണോ എന്ന് ചോദിച്ചു വന്നതാ" സുമയ്യ മറുപടി പറഞ്ഞു, പുതിയ മലയാളപ്പടത്തിന്‍റെ സിഡിയുണ്ട് ചെറുപ്പക്കാരന്‍ മൊഴിഞ്ഞു, ദേ ഒന്ന് നിങ്ങള്‍ ഇങ്ങോട്ട് വന്നേ... എന്തെങ്ങിലും വേണേല്‍ നീ തന്നെ വാങ്ങിക്കോ കമ്പ്യൂട്ടറില്‍ മുഴുകിയിരുന്ന അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഒന്നുരണ്ടു സിഡിയും വാങ്ങി സുമയ്യ കതകടച്ചു .
രാത്രി ഭക്ഷണം കഴിഞ്ഞിരുക്കുംപോഴാണ് രാവിലെ വാങ്ങിയ സിഡിയുടെ കാര്യം ഓര്‍മ വന്നത് ഒരു സിഡി കണ്ടു കഴിഞ്ഞു രണ്ടാമത്തെ സിഡി ഇട്ടു നോക്കിയപ്പോള്‍ എങ്ങിനെയായാലും വര്‍ക്ക്‌ ചെയ്യുന്നില്ല അവന്‍ നമ്മളെ പറ്റിചെന്നാ തോന്നുന്നത് അബ്ദുല്‍ റഹ്മാന്‍ വിഷമത്തോടെ പറഞ്ഞു . ടിവി ഓഫ്‌ ചെയ്തു അവര്‍ കിടന്നു.
പിറ്റേന്ന് ഉച്ചമയക്കത്തിനിടയിലാണ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് സുമയ്യ എഴുന്നേറ്റത്.വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഇന്നലത്തെ അതേ ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. ഇന്നലെ സിഡി തന്നു ഞങ്ങളെ പറ്റിച്ചു അല്ലെ? സുമയ്യ ഈര്‍ഷ്യയോടെ പറഞ്ഞു.പ്രശ്നമില്ല അത് മാറ്റി തരാം.ചെറുപ്പക്കാരന്‍റെ മറുപടി എന്നിട്ട് ഇന്നലെ കൊടുത്ത സിഡിക്ക് പകരമായി കൊടുക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ ചോദിച്ചു ഇക്കയെവിടെ? കടയില്‍ പോയി സുമയ്യ പറഞ്ഞു .കുട്ടികള്‍ക്കുള്ള വല്ല സിഡിയും വേണോ? ഇവിടെ കുട്ടികളില്ല. സുമയ്യയുടെ മറുപടി കേട്ടു ചെറുപ്പക്കാരനില്‍ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് തോന്നി.
ദിലീപിന്‍റെ പുതിയ പടം ഉണ്ടെന്നു പറഞ്ഞു ബാഗിന്‍റെ ഒരു പ്രത്യേക അറയില്‍ നിന്നും ഒരു സിഡിയെടുത്തു നീട്ടി.വേണ്ട എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു കൊണ്ട് പറഞ്ഞു ഇപ്പോള്‍ തന്നെ ചെക്ക്‌ ചെയ്തു നോക്കിക്കോളൂ വര്‍ക്ക്‌ ചെയ്യുന്നില്ലെങ്കില്‍ മാറ്റിയെടുക്കാം , അത് കേട്ടപ്പോള്‍ സുമയ്യാക്കും തോന്നി ശരി തന്നെ അല്ലെങ്കില്‍ ഇക്ക വഴക്ക് പറയും ഇന്നലത്തെ പോലെയായാല്‍.സിഡിയും വാങ്ങി പ്ലേ ചെയ്തപ്പോള്‍ ആദ്യത്തെ സിഡി വര്‍ക്ക്‌ ചെയ്യുന്നുണ്ട് രണ്ടാമത്തെ സിഡി ഇട്ടു നോക്കിയപ്പോള്‍ സുമയ്യ ശരിക്കും ഞെട്ടി രതി വൈകൃതങ്ങള്‍ നിറച്ച സിഡിയായിരുന്നു അത് ആദ്യമായാണ് ഇത്തരത്തില്‍ ഒന്ന് കാണുന്നത്.ഉടന്‍ തന്നെ സിഡി പുറത്തെടുത്തു വാതിലിനടുതെത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ ഒന്നുമറിയാത്തവനപ്പോലെ നില്‍ക്കുന്നുണ്ട് സിഡി കയ്യില്‍ കിടന്നു വിറയ്ക്കുന്നുണ്ട്..... വാക്കുകള്‍ പുറത്തേക്കു വരുന്നില്ല ..."എന്താണ് താത്ത"? ചെറുപ്പക്കാരന്‍റെ ഒന്നുമാറിയാത്തപോലെയുള്ള ചോദ്യം ഇതൊന്നും... വേണ്ട.... എനിക്ക്.... സുമയ്യ പറഞ്ഞൊപ്പിച്ചു. നല്ല ഫിലിമാണ് താത്ത... വീണ്ടും ചെറുപ്പക്കാരന്‍റെ ഇരയെ വീഴ്ത്താനുള്ള ഉദ്യമം.......അതല്ല ഇതില്‍ ഒന്ന് സിഡി വേറെയാണ് ചെറുപ്പക്കാരന്‍ സിഡി ദൃതിയില്‍ വാങ്ങി നോക്കി.. സോറി ഇതു പാക്കറ്റ് മാറിപ്പോയതാ എന്നും പറഞ്ഞു വേറൊന്നു കൊടുത്തു കാശും വാങ്ങി മടങ്ങി .
തൊട്ടു മുമ്പു ടിവിയില്‍ കണ്ട ദൃശ്യങ്ങള്‍ ഓര്‍ത്തു സുമയ്യയുടെ ഉച്ചയുറക്കം പമ്പ കടന്നിരുന്നു.രാത്രി ഇക്ക വന്നപ്പോള്‍ ഉച്ചക്ക് നടന്ന സംഭവങ്ങള്‍ പറഞ്ഞില്ല സിഡി മാറ്റിയത് മാത്രം പറഞ്ഞു.ഉച്ചക്ക് കണ്ട സിഡി ഒന്ന് കൊണ്ട് വരാന്‍ പറയാന്‍ വിചാരിച്ചു പിന്നീട് വേണ്ട എന്ന് വെച്ചു ഇക്കാക്ക് എന്തെങ്കിലും സംശയം തോന്നിയാലോ?

പിറ്റേന്ന് ഉച്ചയായപ്പോള്‍ ആരെയോ കാത്തിരിക്കുന്ന പോലെയായി സുമയ്യക്ക് ഉറക്കവും വരുന്നില്ല.പ്രതീക്ഷിച്ചതുപോലെ കോളിംഗ് ബെല്ലടിക്കുന്നു.... ഓടിപ്പോയി തുറന്നു നോക്കിയപ്പോള്‍ ചെറുപ്പക്കാരന്‍ തന്നെ. എന്താ താത്താ സുഖം തന്നെയല്ലേ? അവന്‍റെ കുറച്ചു സ്വതന്ത്ര്യത്തോടെയുള്ള ചോദ്യം. ഊം....സുമയ്യ മൂളി ......പുതിയതേതാണ് വേണ്ടത്?ചെറുപ്പക്കാരന്‍ ചോദിച്ചു അവനറിയാം..അവള്‍ക്കേതാണ് വേണ്ടത് എന്ന് അവനിങ്ങനെ എത്രയിരകളെ വീഴ്ത്തിയിട്ടുണ്ട്.... ഇന്നലത്തേത് പോലെയുണ്ടോ? അവള്‍ ചെറിയൊരു നാണത്തോടെ ചോദിച്ചു.അവന്‍ കണക്ക് കൂട്ടി... ഒരു ഇര കൂടി അവന്‍റെ വലയില്‍ വീണു എന്ന്?
അവന്‍ ഒരു കുസൃതി ചിരിയോടു കൂടി സിഡി കൈമാറി.
പിന്നീട് അവന്‍ അവിടെ ഒരു നിത്യ സന്ദര്‍ശകനായി മാറി.സിഡിയിലുള്ള ദൃശ്യങ്ങള്‍ അവര്‍ കിടപ്പറയില്‍ യാഥാര്‍ത്യമാക്കി മാറ്റി അതിനിടയിലാണ് അവള്‍ പോലും അറിയാതെ അവന്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്.. സുമയ്യ എല്ലാ കാര്യങ്ങളും അബ്ദുല്‍ റഹ്മാനില്‍ നിന്നും മറച്ചു വെച്ചു.
ദിവസങ്ങള്‍ കടന്നുപോയി ഒരു ദിവസം അബ്ദുള്‍ റഹ്മാന്‍റെ നാട്ടിലുള്ള കൂട്ടുകാരന്‍ വിളിച്ചിട്ടാണ് ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്!!!!! തന്‍റെ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ യു ടൂ ബില്‍ ഉണ്ടെന്നു.....അവനിക്ക് ഭൂമി ഒന്നാകെ മറിയുന്നത് പോലെ തോന്നി...പെട്ടെന്ന് തന്നെ റൂമില്‍ പോയി സുമയ്യായോടു കാര്യങ്ങള്‍ ചോദിച്ചു...അവള്‍ ആദ്യം സമ്മതിച്ചില്ല ....പിന്നീട് അവള്‍ അവന്‍റെ കാല് പിടിച്ചു കരഞ്ഞുകൊണ്ട് സംഭവിച്ചതെല്ലാം പറഞ്ഞു.......
തളര്‍ന്നു പോയി....... അബ്ദുല്‍ റഹ്മാന്‍......പിന്നീട് സംഭവിച്ചത് എല്ലാം യാന്ത്രികമായിരുന്നു എനിക്കുള്ള കത്തെഴുതി പോസ്റ്റ്‌ ചെയ്തു ....രാത്രിയില്‍ സാരിയില്‍ രണ്ടു ജീവിതങ്ങളും അവസാനിപ്പിച്ചു............

ഇപ്പോഴും ആ സിഡി വില്‍പ്പനക്കാരന്‍ ഫ്ലാറ്റുകള്‍ തോറും കയറിയിറങ്ങുകയാണ് പുതിയ ഇരകളെ തേടി ........സൂക്ഷിക്കുക .....ഒരു പക്ഷേ നിങ്ങളുടെ ഫ്ലാറ്റിലും എത്തിയേക്കാം ................

പറക്കും തളിക !!!

           
                      ഞാന്‍ ദേരയില്‍ മുര്‍ഷിദ് ബസാറില്‍  ഒരു വാച്ച് കമ്പനിയുടെ ഔട്ട്ഡോര്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന സമയത്ത്  കറാമ പോസ്റ്റ്‌ഓഫീസിലേക്ക് ജോലി മാറുന്നതിന്‍റെ ഭാകമായി ട്രെയിനിങ്ങിനു പോവാറുണ്ടായിരുന്നു അന്ന് സോര്‍ട്ടിംഗ് ആയിരുന്നു ജോലി .രാവിലെ നാല് മണിക്ക് തുടങ്ങി പത്ത്‌ മണിവരെയായിരുന്നു ജോലി സമയം ....
                        അന്ന് ഞാന്‍ ദേര നഖീലില്‍ ആയിരുന്നു താമസം ..... വാച്ച് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു പഴയ മോഡല്‍  ടൊയോട്ടയുടെ സ്റ്റേഷന്‍ വാഗണ്‍....ഒരു  പറക്കും തളികയായിരുന്നു അത്..... അതിലായിരുന്നു രാവിലെ പോകാറ് .... ഒരു ദിവസം അബുദാബി മാര്‍ക്കറ്റിംഗ് കഴിഞ്ഞ് വരാന്‍ വൈകി ... രാത്രി പതിനൊന്ന് മണിയായി .... നഖീലില്‍ ഒന്നര മണിക്കൂര്‍ വരെ ചുറ്റിയതിന് ശേഷമാണ് പാര്‍ക്കിംഗ് കിട്ടിയത്‌ ....വരുമ്പോള്‍ തന്നെ പെട്രോള്‍ ടാങ്കിനു ദാഹിക്കുന്നു എന്നറിയിച്ചു മഞ്ഞ സിഗ്നല്‍ അറിയിച്ചിരുന്നു .... ഏതായാലും രാവിലെ മൂന്ന് മണിക്ക് എഴുന്നെല്‍ക്കേണ്ടതല്ലേ  പിന്നീട് അടിക്കാം എന്ന് വിചാരിച്ചു വണ്ടി പാര്‍ക്ക്‌ ചെയ്തു ......
                       രാവിലെ എഴുന്നേറ്റത് അര മണിക്കൂര്‍ വൈകിയാണ് പെട്ടെന്ന് തന്നെ കുളിച്ചു റെഡിയായി നേരെ ഓഫിസിലേക്ക് വിട്ടു ..... പെട്രോളിന്‍റെ കാര്യമൊക്കെ ദൃതിയില്‍ മറന്നു .... ഷിന്തക ടണലില്‍ പ്രേവേശിച്ചപ്പോഴേക്കും വണ്ടിക്കൊരു മിസ്സിംഗ്‌ ..... എന്‍റെ ഉള്ളൊന്നു  കാളി ..... റബ്ബേ രക്ഷിക്കണേ .....എവിടുന്നു രക്ഷിക്കാന്‍ .....ലിറ്ററിന്  മസാഫിയെക്കാളും വില കുറവായ പെട്രോള്‍ ... അടിക്കേണ്ട സമയത്ത് അടിക്കണ്ടേ ????  അങ്ങിനെ   മഞ്ഞ കത്തിച്ചിട്ട് മൈന്‍ഡ് ചെയ്യാത്ത എന്നോടുള്ള പ്രതിഷേധവുമായി  പറക്കും തളിക ടണലിന്‍റെ ഒത്ത നടുവില്‍ സത്യാഗ്രഹം ആരംഭിച്ചു .....
                                               കഷ്ട്ട കാലത്തിനു മൊട്ടയടിച്ചപ്പോള്‍ കല്ല് മഴ എന്ന് പറഞ്ഞ പോലെ ദേര ഭാകത്തെക്ക് പോകുന്ന  ടണല്‍ പണി നടക്കുന്നതിന്‍റെ ഭാകമായി അടച്ചതിനാല്‍ പോന്നതും വരുന്നതും ഒരേ ടണലില്‍ കൂടിയായിരുന്നു  ...പിറകിലുള്ള വണ്ടികള്‍ ഹോറന്‍ മുഴക്കാന്‍ തുടങ്ങി .... കേട്ടിട്ട് എന്‍റെ കൈ കാലുകള്‍ വിറയ്ക്കാനും തുടങ്ങി .....ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി  ......  പിറകിലെ വണ്ടിയില്‍ നിന്ന് രണ്ടു മൂന്നു പേര്‍ വന്ന് വണ്ടി കുറച്ചു തള്ളി സൈഡാക്കി തന്നു ...ചോദിച്ചവരോട്   ബാറ്ററി ഡൌണ്‍ എന്നാണ് പറഞ്ഞത് ..സത്യം പറഞ്ഞാല്‍  വണ്ടിയെയും എന്നെയും ഒന്നാകെ കത്തിക്കും എന്ന് ഞാന്‍ ഭയപ്പെട്ടു ...അത്ര ക്യു ഉണ്ട് പിറകില്‍ ..... എന്ത് ചെയ്യണമെന്ന് അറിയുന്നില്ല ...... ആരോ പറഞ്ഞത് ഓര്‍മ വന്നു പെട്രോളില്ലാതെ വഴിക്കായ വണ്ടിക്ക് 1500 ആണ് പിഴ എന്ന് ...... ഈ വണ്ടി തൂക്കി വിറ്റാലും കിട്ടില്ല എന്ന് തോന്നി അത്രയും തുക .....സൈഡിലൂടെ പോവുന്ന വണ്ടിയില്‍ നിന്നും  അറബികളൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു .... "യാ റഫീക്ക്‌ ........... സൌ തെലിഫോന്‍ 999" എന്ന്... ഞാന്‍ അവരോടു തിരുത്താനെന്നും പോയില്ലാ എന്‍റെ പേര്  'ബഷീര്‍' ആണെന്ന് ..... പോലീസ്‌ വന്നാലുള്ള അവസ്ഥ എന്തായിരിക്കും ??? ആ സമയത്ത്‌ എന്‍റെ കൂട്ടുകാരന്‍  സംശുദ്ധീനെ (രണ്ട് വര്‍ഷം മുമ്പ്‌  ബ്രെയിന്‍ ട്യുമര്‍  
പിടിപ്പെട്ട്  മരണപ്പെട്ടു ... അദ്ദേഹത്തിന്‍റെ കബറിനെ അള്ളാഹു സ്വര്‍ഗത്തോപ്പാക്കി മാറ്റട്ടെ ..ആമീന്‍ ) വിളിച്ചു പറഞ്ഞു ഞാന്‍ ഇങ്ങനെ ടണലില്‍ കുടുങ്ങിയിട്ടുണ്ട് പെട്രോളുമായി വരാന്‍ ... ദിവസവും വൈകി വരുന്ന അവനെ മുദീര്‍ നോട്ടമിട്ടത് കൊണ്ട് അന്ന് നേരത്തേ വരുന്നതായിരുന്നു ...ഞാന്‍ പറഞ്ഞു എങ്ങിനെയും വന്നേ മതിയാവൂ എന്ന് ...      നോക്കാം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു ..... ഈ സമയം കൊണ്ട് ഞാന്‍ സെല്‍ഫടിച്ച് ബാറ്ററിയുടെ ചാര്‍ജ്‌ തീര്‍ത്തു ...അപ്പോഴതാ പോലീസ്‌ വരുന്നു .... ഒരു പോലീസ്‌കാരന്‍ ഇറങ്ങി വന്നു ചോദിച്ചു .... ശൂ.. മുശ്കില്‍ ?ബാറ്ററി ഖലാസ്‌ ... ഞാന്‍ മറുപടി പറഞ്ഞു ..... പെട്ടെന്ന് അതിലേ ബലദിയിലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞു പോവുന്ന ക്ലീനിംഗ്  ജോലിക്കാരെയും കൊണ്ടുള്ള ബസ്‌ വന്നു ..... പോലീസ്‌ അതില്‍ നിന്നും മൂന്ന് പേരെ വിളിച്ചു ....ഉറക്കച്ചവടോടെ വന്ന അവരോടു വണ്ടി മുകളിലേക്ക് തള്ളി നീക്കാന്‍ സഹായിക്കാന്‍ പറഞ്ഞു ..... നമ്മുടെ നാട്ടിലുള്ള പോലീസും,ഇവിടത്തെ പോലീസും തമ്മിലുള്ള വ്യത്യാസം അന്ന് ഞാന്‍ മനസ്സിലാക്കി .... ഈ പോലീസുകാരനും പുറത്തു നിന്ന് സ്റ്റേയറിംഗ് പിടിച്ചു കൊണ്ട് തള്ളാന്‍ തുടങ്ങി ... അങ്ങിനെ പറക്കും തളിക പോലീസുകാരന്‍ മധ്യസ്ഥം നിന്നത് കൊണ്ട് തല്‍ക്കാലത്തേക്ക്  സത്യാഗ്രഹം അവസാനിപ്പിച്ചു .... ഞാനും ,ബലദിയ ജീവനക്കാരും  പിറകില്‍ നിന്നാണ് തള്ളുന്നത് അതിനിടയില്‍ അതിലൊരുവന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു ... "കിദര്‍ സെ മില ഐസ വാല ഖാടി ..... ഹം ലോഗ്ക്കോ തഖ്‌ലീഫ്‌ ദേനേ കേലിയെ " ....... എല്ലാം കേട്ട് സഹിച്ചിരുന്നു ...... പെട്ട് പോയില്ലേ ..... എത്ര തള്ളിയിട്ടും മുകളിലേക്ക് എത്തുന്നില്ല .... അപ്പോള്‍ മനസ്സില്‍ ചിന്തിച്ചു പോയി ..... എന്തിനാണ് ഈ പഹയന്മാര്‍ ഇത്ര നീളമുള്ള ടണല്‍ പണിതതെന്ന് ...... ഞാനും പോലീസുകാരനുമടക്കം നായ കിതക്കുന്നത് പോലെ കിതക്കുകയാണ് ...... അവസാനം മുകളിലേക്ക് എത്തി വണ്ടി സൈഡാക്കി  .... പോലീസുകാരന്‍ എന്നോട് ചോദിച്ചു ജമ്പര്‍(ബാറ്ററി മറ്റൊരു ബാറ്ററിയുമായി ബന്ധിപ്പിക്കുന്ന വയര്‍ ) ഉണ്ടോ എന്ന് ? ഇല്ല എന്ന് പറഞ്ഞു ... അഥവാ ഉണ്ടെങ്കില്‍ തന്നെ കൊടുക്കുമോ ? എന്‍റെ കള്ളി വെളിച്ചത്താകില്ലേ ? പോലീസുകാരാന്‍ പോവുന്ന വണ്ടിയൊക്കെ നിര്‍ത്തിച്ച് ജമ്പര്‍ ചോദിക്കയാണ് സംശു വരുന്നത് വരെ കിട്ടരുത് എന്നാണ് എന്‍റെ പ്രാര്‍ത്ഥന ........അപ്പോഴത്തെക്കും ഒരു ടാക്സിയില്‍ നിന്നും പോലീസുകാരന്‍ പാമ്പന്‍ വേലായുധന്‍ പാമ്പിനെ പിടിച്ചു കൊണ്ട് വരുന്നത് പോലെ  ജമ്പറുമായി വന്നു  .....ഇതു കണ്ടപ്പോള്‍ എന്‍റെ ഹൃദയം ജംപ് ചെയ്യാന്‍ തുടങ്ങി ......ഞാന്‍  ടാക്സിക്കാരനെ നോക്കി മനസ്സില്‍  പിറുപിറുത്തു കാലമാടന്‍ വരാന്‍ കണ്ട സമയം ..... അങ്ങിനെ പൊലീസുകാരന്‍റെ നിര്‍ദ്ദേശപ്രകാരം ടാക്സി കൊണ്ട് വന്ന് പറക്കും തളികക്ക് അഭിമുഖമായി നിര്‍ത്തി ..... ഇനിയാണ് പൂരം ........ പോലീസുകാരന്‍ വയര്‍ കണക്റ്റ് ചെയ്തു വണ്ടിയിലിരുന്നു സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കി ..... ആ രംഗം കാണാന്‍ വയ്യാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി പിടിച്ചു ... രണ്ട്‌ മൂന്ന് പ്രാവശ്യം സെല്‍ഫടിച്ചതിനു    ശേഷമാണ് പോലീസുകാരന്‍ പെട്രോളിന്‍റെ മുള്ളിലേക്ക് നോക്കുന്നത് ..... ടോം ആന്‍ഡ്‌ ജെറിയിലെ പൂച്ച നോക്കുന്നത് പോലെ ഒരു കണ്ണിനോട് പതുക്കെ നോക്കി  പോലീസുകാരന്‍റെ പ്രതികരണം എന്താണെന്ന് .... അയാള്‍ അലറിക്കൊണ്ട് പറഞ്ഞു ..... ശു.... ഹാസ ...പെട്രോള്‍ മാഫീ .......പെട്രോള്‍ മാഫീ ........ ഞാന്‍ ഒന്നുമറിയാത്തവനെപോലെ  ചോദിച്ചു?? മാഫീ ???? ഈ സമയത്ത്‌ പാക്കിസ്ഥാനി ഡ്രൈവര്‍ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ..... പോലീസുകാരന്‍ ഇല്ലെങ്കില്‍ ഒരു ഇന്ത്യാ പാക്കിസ്താന്‍ യുദ്ധം നടന്നേനെ ....അപ്പോഴാണ്‌ ഒരു ചൈനാക്കാരന്‍ എന്തോ പ്രശ്നവുമായി പോലീസുകാരന്‍റെ അടുത്ത് വന്നു അയാള്‍ അവന്‍റെ വണ്ടിയുടെ അടുത്തേക്ക് പോയപ്പോഴാണ് സംശു വന്ന് വണ്ടി നിര്‍ത്തുന്നത് ..അവന്‍ ഒരു മസാഫി കുപ്പി എടുത്ത് എനിക്ക് നേരെ  നീട്ടി .... ദാഹിച്ചു പരവശനായ ഞാന്‍ വാങ്ങി കുടിക്കാന്‍ പോവുമ്പോഴേക്കും അവന്‍ എന്‍റെ കയ്യില്‍ ഒറ്റ പിടുത്തം .... അതില്‍ പെട്രോള്‍ ആയിരുന്നു .. കാനോന്നും കിട്ടാഞ്ഞതിനാല്‍ മൂന്നു കുപ്പി മസാഫി വാങ്ങി വെള്ളം കളഞ്ഞ് അതില്‍ പെട്രോള്‍ നിറച്ച് കൊണ്ടുവന്നതാണ് .... നമ്മുടെ നാട്ടിലെ പോലെ ഇവിടെ കാനിലോന്നും പെട്രോള്‍ കൊടുക്കുകയില്ല അവന്‍ വളരെ കിണഞ്ഞ്  പരിശ്രമിച്ചാണ് അത് വാങ്ങി കൊണ്ട് വന്നത് ..... ഞാന്‍ പെട്ടെന്ന് തന്നെ പോലീസുകാരന്‍ കാണാതെ കാറിലേക്ക് ഒഴിച്ചു ..... കണ്ടിരുന്നുവെങ്കില്‍ അയാള്‍ക്ക് മനസ്സിലാവുമല്ലോ പെട്രോള്‍ തീര്‍ന്നത് എനിക്ക് അറിയാമെന്ന്? ടാക്സിക്കാരനോട് ഒന്ന് കൂടി കണക്ട്‌ ചെയ്യാന്‍ അപേക്ഷിച്ചു ...... ഈ ശവം ഇവിടുന്ന് കൊണ്ടുപോയ്ക്കോട്ടേ എന്ന ഉദ്ദേശത്തില്‍ അവന്‍ വീണ്ടും കണക്ട് ചെയ്ത്‌ തന്നു ...കിട്ടേണ്ടത് കിട്ടിയപ്പോള്‍  പറക്കും തളികയുടെ പിണക്കം മാറി ....... പോലീസുകാരന് ഒരു മഷ്കൂറും കൊടുത്ത് അവിടന്ന് ഞാനും എന്‍റെ പറക്കും തളികയും പറ പറന്നു .....  പിന്നീട് ജീവിതത്തില്‍ മഞ്ഞയെ മൈന്‍ഡ് ചെയ്യാതിരുന്നില്ലാ .... ശുഭം ...........
ഈ സംഭവത്തിന്‌ ശേഷം എപ്പോള്‍ കണ്ടാലും പെട്രോള്‍ കുടിക്കാന്‍ പോയ കാര്യം പറഞ്ഞു ഷംശു തമാശയാക്കാറുണ്ടായിരുന്നു ......

Thursday, March 10, 2011

ആമുവും പുള്ളറും ..............

ആമുവിന്‍റെ വലിയ ഒരു ആഗ്രഹമായിരുന്നു ഒരു കാര്‍ സ്വന്തമാക്കണമെന്നുള്ളത് ....നാട്ടില്‍ മീശ മുളക്കാത്ത പുള്ളര്‍ വരെ വലിയ തരം വണ്ടികളിലാണ് ചെത്തുന്നത് ........
ആഗ്രഹം സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അവനൊരു ബുദ്ധി പറഞ്ഞു കൊടുത്തു ഒരു തരക്കേടില്ലാത്ത മാരുതികാര്‍ വാങ്ങുക എന്നിട്ട് ലീവിന് വരുന്ന ഗള്‍ഫുകാര്‍ക്ക് വാടകയ്ക്ക് കൊടുക്കുക ....നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെ ഈ ഐഡിയ മോശമില്ലല്ലോ എന്ന് ആമുവും വിചാരിച്ചു .....
പിന്നീട് ഒരു പഴയ വണ്ടി വാങ്ങാനുള്ള ഓട്ടത്തിലായി കാരണം പണ്ട് സുന്നത്തിന്‍റെ പരസ്യം കൊടുക്കാത്തതിലുള്ള ബേജാറ് ഇപ്പോഴും ശരിക്ക് മാറിയിട്ടില്ല ........
അവസാനം ബ്രോകര്‍മാരുടെ സഹായത്താല്‍ പഴയ ഒരു ശകടം പാവത്തിന്‍റെ തലയിലായി ......എന്തായാലും ഒരു കാറിന്‍റെ മുതലാളിയായെ അഭിമാനത്തോടെ പെട്രോള്‍ പമ്പില്‍ കയറി ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ ഉത്തരുവിട്ടു ആമു ....പെട്രോളിന്‍റെ അളവ് സൂചി വളഞ്ഞോ എന്ന് സംശയം എന്നിട്ട് നാട്ടുകാരുടെ മുമ്പിലൂടെ ഒരു കറക്കം .....
ഇനി ആര്‍ക്കെങ്കിലും കാര്‍ വാടകയ്ക്ക് കൊടുക്കണം അതിനുള്ള അന്വേഷണത്തിലായി ആമു....നല്ല ആള്‍ക്കാര്‍ക്ക് കൊടുത്തില്ലെങ്കില്‍ കാറും ഉണ്ടാവില്ല,കേസും കൂടിയാവും വല്ല ചാരായക്കടത്തിനോ,ക്വട്ടേഷന്‍ പണിക്കോ മറ്റോ പോയാല്‍ തൂങ്ങിപ്പോയത് തന്നെ ...അതിനാല്‍ ഗള്‍ഫ്കാരെ തന്നെയാണ് ആമുവിന്‍റെ മനസ്സില്‍ .....
അപ്പോഴാണ് കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരാള്‍ വലിയ പത്രാസില്‍ ബൈക്കില്‍ വന്നിറങ്ങുന്നത് ആമു കണ്ടത് .....സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്‌ എസ് എം എസ് എന്ന പേരില്‍ ഗള്‍ഫില്‍ പ്രശസ്തനായ ശമീം ആയിരുന്നു അത് ....ചെക്കന്‍ പോവുമ്പോള്‍ കോല് പോലെയുണ്ടായതാ ഇപ്പോള്‍ നല്ല പോലെ തടിച്ചിട്ടുണ്ട് .....ഏതായാലും ഒന്ന് മുട്ടി നോക്കാം ...
ആമുവിന്‍റെ വരവ് ദൂരെ നിന്ന് കണ്ട എസ് എം എസ് വണ്ടി വിടാന്‍ നോക്കി അപ്പോഴേക്കും ആമു വിളിച്ചു ......എതായാലും നൂറു പോയത് തന്നെ ആമുവിന് ഇപ്പോള്‍ സുന്നത്ത്‌ പണിയൊന്നുമില്ലെന്നറിയാം സൈക്കിള്‍ നിന്ന് വീണ ഒരു ചിരിയോടെ എന്താ ആമുച്ചാ സുഖം തന്നെയല്ലേ എന്നൊരു ചോദ്യം ? അങ്ങിനോക്കെ പോന്നു മോനെ ആമു മറുപടി പറഞ്ഞു ......എന്താ മോനെ നീ ബൈക്കില്‍... കാറൊന്നും എടുത്തില്ലേ ? ഇല്ലച്ചാ.......ആകെ ഒരു മാസമേ ഉള്ളൂ ... നമ്മളക്കെ കാറെടുക്കാനുള്ള കാശൊന്നും ഇല്ലപ്പാ.........
അതിനെന്തിനാ മോനെ അത്രയെല്ലാം കാശ് എന്‍റെ വണ്ടിയെടുത്തോ...... നീ ആയത് കൊണ്ട് എട്ടായിരം തന്നാല്‍ മതി ആമു ബിസിനസ്സ് തന്ത്രം പുറത്തെടുത്തു .. എസ് എം എസ് ചിന്തിച്ചു പത്തും,പന്ത്രണ്ടോക്കെ ഉണ്ട് എന്ന് അഫ്സല്‍ പറഞ്ഞിരുന്നു അപ്പോള്‍ ഇതു ലാഭമാണല്ലോ? ശരി നിങ്ങള്‍ കുറച്ചു കഴിഞ്ഞു വണ്ടി കൊണ്ടുവാ ഞാന്‍ പുരയില്‍ ഉണ്ടാവും എന്നും പറഞ്ഞു എസ് എം എസ് നൂറു ലാഭമായ സന്തോഷത്തില്‍ വണ്ടി വിട്ടു.. നല്ലൊരു കസ്റ്റമറെ കിട്ടിയ സന്തോഷത്തില്‍ ആമുവും നടന്നു നീങ്ങി....
പിറ്റേന്ന് മുതല്‍ കാറും കൊണ്ട് എസ് എം എസ് ചുറ്റാനിറങ്ങി ബഷീര്‍ച്ച കുട്ടികള്‍ക്ക് കൊടുത്തയച്ച ഒരു അഞ്ചു കിലോന്‍റെ കെട്ടുണ്ട് അതും കൊണ്ട് കാഞ്ഞങ്ങാട്‌ പോണം,പോന്ന വഴിയില്‍ അഫ്സലിന്‍റെയും,പൂച്ചക്കാട് ഡോക്ടറുടെ വീട്ടിലും ഒന്ന് കയറണം ഡോക്ടറുടെ വീട്ടില്‍ നിന്ന് വല്ല മോരോ,പൊതുനെ ഇട്ടു ചൂടാക്കിയ വെള്ളവും കുടിക്കാം.. പിന്നെ അവിടത്തെ നാട്ടുകാരെയും ഒന്ന് കാണണം നിങ്ങടെ 'മുറ്റത്തെ മുല്ലക്ക്' ഞങ്ങളുടെ ഗള്‍ഫില്‍ നല്ല മണമാണെന്നും പറയണം .....
വീട്ടില്‍ നിന്നും കാറും കൊണ്ട് ഇറങ്ങിയപ്പഴല്ലേ അറിയുന്നത് റോഡേതാണ് കുഴിയേതാണെന്ന് മനസ്സിലാവുന്നില്ല അങ്ങിനെ ഒരു കുഴിപോലും ഒഴിവാക്കാതെ കാഞ്ഞങ്ങാട്‌ പോയി തിരിച്ചു വന്നപ്പോഴേക്കും വണ്ടിയുടെ എന്‍ജിന്‍ ഭാകത്തു നിന്നും ഉച്ചത്തില്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി ......ഉടന്‍ തന്നെ ആമുച്ചനെ വിളിച്ചു വിവരം പറഞ്ഞു......ആമുച്ച ഉടന്‍ തന്നെ വീട്ടില്‍ ലാന്‍ഡ്‌ ചെയ്തു .....വണ്ടിയുമെടുത്ത് ഗാരേജില്‍ കാണിച്ചു വരാം എന്ന് പറഞ്ഞു പോയി .......
അങ്ങിനെ ഗാരേജില്‍ എത്തിയ ആമു ' മുതല' വാ പൊളിച്ചു നില്‍ക്കുന്നത് പോലെ നിരനിരയായി നിര്‍ത്തിയ കാറിനരികില്‍ വണ്ടി നിര്‍ത്തി മെയിന്‍ മെക്കാനിക്കിനെ തന്നെ കാണിച്ചു ആമുവിന്‍റെ മുതലയും വാ പൊളിച്ചു.....മെക്കാനിക്ക് എവിടന്നാണ് ശബ്ദം വരുന്നത് എന്ന് നിരീക്ഷിക്കയാണ് തകരാര്‍ കണ്ടെത്തിയ മെക്കാനിക്ക്‌ ഒരു സ്പാനര്‍ എടുത്ത് നെട്ട് അഴിക്കാന്‍ നോക്കി എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എല്ലാം നോക്കി കൊണ്ട് ആമു അടുത്ത് തന്നെയുണ്ട്..ശ്രമം ഉപേക്ഷിച്ച് കൊണ്ട് മെക്കാനിക്ക്‌ പറഞ്ഞു നമുക്ക്‌ ഇതു പുള്ളറെ (ഒരു ഉപകരണം)കൊണ്ട് അഴിക്കാന്‍ നോക്കാം എന്ന് ആമുവിന്‍റെ ഈമാന്‍ ചൂടായി ......"ബലിയ മെക്കാനിക്കായ നിനക്ക് തന്നെ ഇതു അഴിക്കാന്‍ കഴിയുന്നില്ല എന്നിട്ടാണ് നീ പുള്ളറെ കൊണ്ട് അഴിപ്പിക്കാന്‍ നോക്കുന്നത്....അങ്ങിനെ പുള്ളര്‍ എന്‍റെ വണ്ടി നന്നാക്കി പഠിക്കണ്ട" എന്നും പറഞ്ഞു വണ്ടി എടുത്തു ഒരേ പോക്ക്.....ഇതു കണ്ട മെക്കാനിക്ക് തരിച്ചു നിന്നു.........

അത്തറ്‌ മണക്കുന്ന കത്ത് ..............



2008 ഏപ്രില്‍ പതിനെട്ട് അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..... ഓഫീസില്‍ ഓവര്‍ ടൈം ഉള്ളത് കൊണ്ട് ജോലിക്ക് പോയതാണ് അതിനിടയിലുള്ള ടീ ബ്രേക്കില്‍
അടുത്തുള്ള ഉമൈര്‍ റെസ്റ്റോറന്റില്‍ വെച്ച് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടിവിയില്‍ കാസര്‍ഗോഡ്‌ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്തിന്‍റെ പേരില്‍ നടക്കുന്ന സംഘര്‍ഷവും അതിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലിനെ കുറിച്ചും ന്യൂസില്‍ പറയുന്നത് കേട്ടത് ...... കൂടെ ജോലി ചെയ്യുന്ന അന്യ ജില്ലയിലുള്ളവര്‍ എന്നോട് വിവരങ്ങള്‍ ചോദിച്ചു നിങ്ങളുടെ സ്ഥലത്ത്‌ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്? ഇല്ലാ ... എന്നാല്‍ പെങ്ങളുടെ വീട് ഉണ്ട് അത് പ്രശ്നം നടക്കുന്ന സ്ഥലത്തിന് കുറച്ച് ദൂരെയാണ് ഞാന്‍ മറുപടി നല്‍കി ......

അങ്ങിനെ പത്ത് മണിക്ക് ശേഷം ജോലിയും കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും ഉറങ്ങണം എന്ന ഉദ്ദേശത്തോടെ റൂമിലേക്ക്‌ പെട്ടെന്ന് പോയി ..... റൂമിലേക്ക്‌ കയറുന്നതിന് മുമ്പായി മൊബൈല്‍ ശബ്ദിച്ചു .... അബുദാബിയിലെ മൂത്ത സഹോദരിയുടെ ഭര്‍ത്താവാണ് വിളിക്കുന്നത് ....... എന്താ എളയാ ഞാന്‍ ചോദിച്ചു ? നമ്മുടെ സി. എ.. പോ..യി...പ്പോ..യി (രണ്ടാമത്തെ പെങ്ങളുടെ ഭര്‍ത്താവിനെ നമ്മുടെ വീട്ടില്‍ സി എ എന്നാണ് വിളിക്കാറ് ) എളയായുടെ സ്വരത്തിലെ വിറയല്‍ ഞാനറിഞ്ഞു .... എന്താണ്?ഹാര്‍ട്ട് അറ്റാക്ക്‌ ആണോ ?
ഷുഗറിന്‍റെ അസുഖമല്ലാതെ വേറെയൊന്നും ഉള്ളതായി എനിക്കറിയില്ലായിരുന്നു അതാണ് ഞാന്‍ അങ്ങിനെ ചോദിച്ചത് .... അല്ലാ കുത്തികൊന്നതാണ്‌ ...പള്ളിയിലേക്ക് പോവുമ്പോഴാണ് സംഭവം  എളയ മറുപടി നല്‍കി ..... എന്‍റെ ശരീരത്തിലാകമാനം ഒരു വിറയല്‍ അനുഭവപ്പെട്ടു .... നീ ശഹബാനലിയോടു വിവരം  പറയണം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു ....ശഹബാനലി എന്‍റെ മരുമകനാണ് അവന്‍റെ ഉപ്പയാണ് കൊല്ലപ്പെട്ടത് മൂത്ത മകനാണ്  ...അവനും കറാമയില്‍ കുടുംബസമേതം താമസിക്കുകയാണ്  ....എങ്ങിനെയാണ് ഞാന്‍ ഈ വിവരം അവനോട് പറയുക ...... കാര്‍ണവരും മരുമകനും തമ്മിലുള്ള ബന്ധത്തിലുപരി സുഹൃത്തുക്കളെ പോലെയാണ് ഞങ്ങള്‍ ...അവനിക്കത് താങ്ങാന്‍ പറ്റുമോ ??? എന്‍റെ കൂടെ താമസിക്കുന്ന മൂത്തപെങ്ങളിലുള്ള  മരുമകന്‍ റിയാസിനെയും കൂട്ടി ഞാന്‍ അവന്‍റെ ഫ്ലാറ്റില്‍ എത്തുമ്പോഴേക്കും അവന്‍ എവിടുന്നോ വിവരങ്ങള്‍ അറിഞ്ഞിരുന്നു ..... എനിക്ക് തന്നെ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല പിന്നെ എങ്ങിനെയാണ്‌ ഇവനെയും ഭാര്യയെയും സമാധാനിപ്പിക്കുക.... എന്തായാലും പക്വതയോടെ അവന്‍  കാര്യങ്ങള്‍ ചെയ്തു ....നാട്ടിലേക്ക് വിളിച്ചു അവന്‍റെ  ഉമ്മാനെ സമാധാനിപ്പിച്ചു  ......
പിന്നീട് നാട്ടില്‍ നിന്ന് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിച്ചു ജുമുഅക്ക് പള്ളിയിലേക്ക് പോവുന്നതിനിടയിലാണ് അക്രമികള്‍  പതിയിരുന്നു  കുത്തിയതെന്നും സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു എന്നും  ..... തലേന്ന് അവരുടെ ഒരാളെ കൊന്നതിനു പകരമായിട്ടാണ് ഇത് ചെയ്തതെന്നും ...
എന്തായാലും ചെന്നായ്കള്‍ക്ക് അവരുടെ ദാഹം തീര്‍ന്നു ....പകരത്തിനു പകരം ആയല്ലോ ??? മാത്രമല്ല താടിയുള്ള ,തൊപ്പിയുള്ള ഒരു മാപ്പിളയെ തന്നെ കൊന്നതില്‍ ഇവരെ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച നേതാക്കന്മാര്‍ക്കും സമാധാനമായി ...
                              എന്നാല്‍ ഇവര്‍ കൊന്നത് ആരെയാണ്?? ഒരു ഉറുമ്പിനെപോലും നോവിക്കാത്ത എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന,പുഞ്ചിരിയോടെ എല്ലാവരോടും സംസാരിക്കുന്ന എന്‍റെ എളയായെ ആണ് .... ബിലാല്‍ മസ്ജിദിന്‍റെ നിര്‍മാണത്തിനും,അതിനോടനുബന്ധിച്ചുള്ള ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനു വേണ്ടിയുള്ള സ്ഥാപനത്തിനും വേണ്ടി മുന്‍കൈയെടുത്തത് എളയായും ചേര്‍ന്നാണ്.. ഈ ലോകത്ത് നിന്ന് എളയാനെ അവര്‍ക്ക് ഇല്ലാതാക്കാന്‍
സാധിച്ചുവെങ്കിലും പരലോകത്തേക്കുള്ള സമ്പാദ്യമായി ഈ സ്ഥാപനത്തില്‍ നിന്നും ഒരു മകനെ ഹാഫിള് ആക്കാന്‍ സാധിച്ചിരുന്നു .... സഹോദരിയുടെ ഭര്‍ത്താവെന്നതിനെക്കാള്‍

ഒരു പിതാവിന്‍റെ സ്നേഹമാണ് എനിക്ക് എളയായില്‍ നിന്നും കിട്ടിയിരുന്നത്.... എനിക്ക് ചികില്‍സക്കായി മംഗലാപുരം ഹോസ്പിറ്റലില്‍ അഡ്മിറ്റാകേണ്ടി വന്നപ്പോഴും പരിചരിക്കാന്‍ ഉണ്ടായതു ഈ എളയ തന്നെയായിരുന്നു ...അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്ന് ഞാന്‍  ഉണരുംവരെ ബെഡിനരികില്‍ ദിക്റുകളും,മറ്റുമായി കൂടെ തന്നെയുണ്ടാവും ..... അങ്ങിനെയുള്ളോരു ആത്മബന്ധവും ഈ എളയാനോട് എനിക്കുണ്ടായിരുന്നു ....


ഈ കുറിപ്പ് എഴുതാന്‍ കാരണം തന്നെ ഇന്നും ഞാന്‍ നിധി പോലെ സൂക്ഷിക്കുന്ന എന്‍റെ എളയ എഴുതിയ അത്തറിന്‍റെ മണമുള്ള ഒരു കത്തുണ്ട് .... ഗള്‍ഫില്‍ വന്നതിനു

ശേഷം ഞാന്‍ ഒരു അത്തര്‍ അയച്ചിരുന്നു .. അത്തര്‍ വളരെ ഇഷ്ടമാണ് എളയാക്ക് ... എന്നാല്‍ ഞാന്‍ ഫോണ്‍ വിളിക്കുന്ന സമയത്ത് പറഞ്ഞാല്‍ മതി നീ കൊടുത്തയച്ച അത്തര്‍

കിട്ടി എന്ന് ... എന്നാല്‍ എളയ ചെയ്തത് അത്തര്‍ ലഭിച്ച വിവരം വെച്ച് എനിക്ക് കത്തെഴുതുകയാണ് ഉണ്ടായത് ... അതൊരു നിമിത്തമായി ഞാന്‍ കാണുന്നു ...ഇല്ലെങ്കില്‍ ഒമ്പത് വര്‍ഷത്തോളം ആ കത്ത് ഞാന്‍ സൂക്ഷിച്ചുവെക്കില്ലായിരുന്നു ...അതിലുള്ള വരികളിലുണ്ട് എളയായുടെ വാത്സല്യം .....ഗള്‍ഫ്‌ ജീവിതത്തിനിടയില്‍ പലര്‍ക്കും അയച്ചിരുന്നു

എന്തൊക്കെയോ സാധനങ്ങള്‍ അങ്ങോട്ട്‌ ചോദിച്ചാല്‍ മാത്രം പറയും കിട്ടി എന്ന് ... എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായിരുന്നു എളയ.... ഒരിക്കലും മറക്കാന്‍ കഴിയുന്നില്ല...ആ എളയായെ ...

                                  കരകൌശലത്തിലും,ഫോണ്‍ കാര്‍ഡ്‌ ശേഖരണം,സ്റ്റാമ്പ് ശേഖരണം എന്നിവയില്‍ അതീവ താല്‍പ്പരനായിരുന്നു  ..... മിക്ക
പ്രദര്‍ശനങ്ങളിലും എളയ പങ്കെടുത്തിരുന്നു ..... ഞാനും  അപൂര്‍വ്വമായ സ്റ്റാമ്പുകള്‍ അയച്ചു കൊടുക്കാറുണ്ടായിരുന്നു ..... ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ തികട്ടിവരും ....
ഞങ്ങളുടെ ഏതു പരിപാടിയിലും മുന്‍പന്തിയില്‍ ഉണ്ടാവും എളയ .....ചില സമയത്ത്  കാലിനു നീര് വന്ന് നടക്കാന്‍ പറ്റുന്നില്ലെങ്കിലും ആര് വന്ന് വിളിച്ചാലും പോവും സഹായത്തിന് .........പരോപകാരിയായിരുന്നു എളയ എല്ലാവര്‍ക്കും .... കുടുംബബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അയല്‍വാസികളോട്

ജാതിഭേദമില്ലാതെ എന്നും സ്നേഹം പുലര്‍ത്തിയിരുന്നു ....അതാണ്‌ കൊല്ലപ്പെട്ട ദിവസം മുമ്പിലുള്ള അമ്മ വീട്ടുകാര്‍ വേദനയോടെ ചോദിച്ചത്  "ഏത് ആഘോഷത്തിനും

എല്ലാവരെയും ക്ഷണിക്കുന്ന ഇവരെ തന്നെ വേണമായിരുന്നോ ഇവര്‍ക്ക് കൊല്ലാന്‍"

  

ജുമുഅഃ ദിവസം വീട്ടില്‍ നിന്നും വുളു ചെയ്തു നേരത്തെയിറങ്ങാറായിരുന്നു

എളയായുടെ പതിവ് ..അതാണ്‌ കൊലയാളികള്‍ക്ക്‌ ഇരയായി കിട്ടാനുള്ള കാരണം ..... എന്നാലും ഒരു കാര്യത്തില്‍ എളയ രക്ഷപ്പെട്ടു ... വുളുയോടു കൂടി ജുമുഅഃ ദിവസം

തന്നെ മരിക്കാന്‍ സാധിച്ചല്ലോ അത് തന്നെ ഒരു ഭാഗ്യമാണ് ... നബി(സ്വ) പറഞ്ഞു: "വെളളിയാഴ്ചയിലോ അല്ലെങ്കില്‍വെളളിയാഴ്ച രാവിലെയോ ഏതൊരു മുസ്ലിമും

മരിക്കുന്നുണ്ടോ അല്ലാഹു അവനെ ക്വബര്‍ ശിക്ഷയില്‍നിന്ന് രക്ഷിക്കാതിരിക്കുകയില്ല (തിര്‍മുദി)
കൊലപാതകം നടന്ന് മൂന്ന് വര്‍ഷം തികയാന്‍ പോവുകയാണ് ..... നേതാക്കന്മാരോക്കെ ചാനലുകാരുടെ മുമ്പില്‍

വെച്ച് ആടിത്തിമിര്‍ക്കുകയായിരുന്നു ..... കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നടപ്പാക്കും എന്നൊക്കെ .... എന്നാലിപ്പോഴെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പിന്നെയും  ഈ

ക്രിമിനലുകള്‍ താണ്ഡവമാടുകയാണ് കാസര്‍ഗോഡ്‌ ..... ചോരക്കൊതി തീരാതെ ... ഇവര്‍ക്ക് എല്ലാ സൌകര്യവും ചെയ്തു കൊടുക്കുന്നതിനു ഒരു മാഫിയ തന്നെ

പ്രവര്‍ത്തിക്കുന്നുണ്ട് ..... അവരെയൊന്നും പോലീസിന് തൊടാന്‍ പറ്റുന്നില്ല ..അതാണ് എളയ കൊല്ലപ്പെട്ടതിന് ശേഷം ഈ പ്രതികള്‍ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി

വിഹരിക്കാന്‍ കാരണം .... എന്‍റെ ചെറുപ്പത്തില്‍ പെങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ പോയാല്‍ സുബഹിക്ക് പള്ളിയില്‍ പോവുമ്പോള്‍ നായ്ക്കളെയായിരുന്നു പേടി .....ഈ സംഭവത്തിന്‌ ശേഷം ഇപ്പോള്‍ പകല്‍ തന്നെ ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് പേടിയാണ് ഈ കാട്ടുചെന്നായ്ക്കളെ.....

ഒരാളും മറ്റൊരാള്‍ക്ക് പകരമാവില്ല എന്ന് പറയുന്നതത്ര ശെരിയെന്നു എന്‍റെ
എളയായുടെ വേര്‍പാടിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു ... ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല മരണപ്പെട്ടു എന്ന് ... ആ പുഞ്ചിരിക്കുന്ന മുഖമാണ് എപ്പോഴും ഓര്‍മ്മ വരുന്നത് ....


എളയായുടെ വേഷം കണ്ട് പലരും ചോദിക്കാറുണ്ടായിരുന്നു തബ്.ലീഗ് ആശയക്കരനാണോ എന്ന് ? എന്നാല്‍ ഒരു സുന്നി ആശയക്കാരനായിരുന്നു എളയ ... അദ്ദേഹത്തിന്‍റെ

കബറിനെ അള്ളാഹു സ്വര്‍ഗത്തോപ്പാക്കി മാറ്റട്ടെ ..ആമീന്‍ ...... പ്രതികള്‍ക്ക് അള്ളാഹു  അര്‍ഹമായ ശിക്ഷ നല്‍കട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ എന്‍റെ ഈ ഓര്‍മ്മ കുറിപ്പ്‌.